ന്യൂഡൽഹി: സ്വന്തം പരാജയം മറച്ചുവയ്ക്കാനും രാജ്യത്തിന്റെ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുമാണ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന രാഹുലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ബിജെപി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കിരൺ റിജിജു.
ഇന്ത്യാവിരുദ്ധ സംഘടനകളുമായി ചേർന്നു രാജ്യത്തെ ജനാധിപത്യസംവിധാനത്തെ അപകീർത്തിപ്പെടുത്താനുള്ള രാഹുലിന്റെ കളികൾ വിജയിക്കില്ല. ഹരിയാന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ തോൽപ്പിച്ചത് അവരുടെതന്നെ നേതാക്കളാണ്. തെരഞ്ഞെടുപ്പുകളിൽ ബിജെപിയും തോൽക്കാറുണ്ട്. എന്നാൽ ഇത്തരം തെറ്റായ പ്രചാരണം നടത്താറില്ല. ഫലം എന്തായാലൂം അതു സ്വാഗതം ചെയ്യുമെന്നും റിജിജു പറഞ്ഞു.
എക്സിറ്റ് പോളുകളും അഭിപ്രായസർവേകളും പലപ്പോഴും ശരിയാകാറില്ല. 2004ൽ ബിജെപി ഭരണത്തിൽ വരുമെന്നായിരുന്നു എക്സിറ്റ്പോൾ.
എന്നാൽ, ഫലം മറിച്ചായിരുന്നു. ജനാധിപത്യത്തിൽ വിജയമോ പരാജയമോ ഉണ്ടായാൽ അംഗീകരിക്കണം. കഴിഞ്ഞവർഷം നടന്ന ഹരിയാന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു വിജയം ഉറപ്പിച്ചായിരുന്നു എക്സിറ്റ് പോളുകൾ. എന്നാൽ ഫലം മറ്റൊന്നായി. വോട്ടർപട്ടികയിലും തെരഞ്ഞെടുപ്പിലും കൃത്രിമം നടത്തി ബിജെപി അധികാരത്തിലെത്തി എന്നാണു രാഹുലിന്റെ ആരോപണം.
എന്നാൽ, പുതിയ തലമുറയെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണു രാഹുൽ ഇത്തരം ആരോപണങ്ങളിലൂടെ പദ്ധതിയിടുന്നത്. പക്ഷേ ഈ രാജ്യത്തെ യുവജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അണിനിരക്കുന്നവരാണ്. ബിഹാറിൽ വിജയിക്കില്ലെന്ന് ഉറപ്പായതോടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും കിരൺ റിജിജു ആരോപിച്ചു.